കാനഡയിലെ പ്രമുഖ കോഫി-ഫാസ്റ്റ് ഫുഡ് ശൃംഖലയായ ടിം ഹോർട്ടൺസിൻ്റെ ഒൻ്റാരിയോയിലെ ഒരു ഫ്രാഞ്ചൈസി ഉടമ സാമ്പത്തിക ബാധ്യതകളെത്തുടർന്ന് പാപ്പരത്ത നടപടികളിലേക്ക് കടന്നു. താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ കനേഡിയൻ ഫെഡറൽ സർക്കാർ വരുത്തിയ കർശന നിയന്ത്രണങ്ങളാണ് തങ്ങളുടെ സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കിയതെന്ന് ഒൻ്റാരിയോ സുപ്പീരിയർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എം.ജി.ബി. വെഞ്ചേഴ്സ് ഇൻക് വ്യക്തമാക്കി.
തങ്ങളുടെ ചില റസ്റ്റോറൻ്റുകളിൽ ജീവനക്കാരിൽ 80 ശതമാനത്തിലധികവും താൽക്കാലിക വിദേശ തൊഴിലാളികളായിരുന്നുവെന്ന് ഫ്രാഞ്ചൈസി അധികൃതർ ചൂണ്ടിക്കാട്ടി. പ്രാദേശികമായി ആളെ കിട്ടാത്തതിനാലാണ് വിദേശ തൊഴിലാളികളെ കൂടുതലായി ആശ്രയിക്കേണ്ടി വന്നതെന്നും, എന്നാൽ പുതിയ സർക്കാർ നയം മൂലം വിദേശ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കേണ്ടി വന്നത് ദൈനംദിന പ്രവർത്തനങ്ങളെയും വരുമാനത്തെയും കഠിനമായി ബാധിച്ചുവെന്നും കമ്പനി കോടതിയെ അറിയിച്ചു.
അതേസമയം, കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ വൻതോതിൽ നിയമിക്കുന്നത് തദ്ദേശീയരായ തൊഴിലന്വേഷകർക്ക് തിരിച്ചടിയാകുന്നുവെന്ന വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് കാനഡ സർക്കാർ താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്. വിദേശ തൊഴിലാളി പ്രോഗ്രാമുകളെ മാത്രം ആശ്രയിച്ച് ബിസിനസ് നടത്തുന്ന രീതി ഇനിയങ്ങോട്ട് സാധ്യമല്ലെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്